വാട്ട്സാപ് വഴി ചില ശൈഖുമാർ നൽകിയ ഫത്വകൾ – 1

Standard

بحث_عن_أنواع_المكتبات

فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ

“…നിങ്ങള്‍ക്കറിയാത്ത പക്ഷം ഉല്‍ബോധനം ലഭിച്ചവരോട്‌ നിങ്ങള്‍ ചോദിച്ച്‌ നോക്കുക.” (അന്നഹ്‌ൽ:43)

എൻ്റെതായ ചില സംശയങ്ങൾ ദൂരീകരിക്കുന്നതിനും, മറ്റു ചില സഹോദരങ്ങളുടെ ആവശ്യപ്രകാരവും, അഹ്ലുസ്സുന്നത്തിൻ്റെ ചില ആലിമുകളുടെ (حفظهم الله جميعا) അടുക്കൽ ഞാൻ ചോദിച്ച ചില ചോദ്യങ്ങളും അവയ്ക്കു ലഭിച്ച ഉത്തരങ്ങളുമാണ് താഴെയുള്ളത്.

نفع الله به الإسلام و المسلمين

1) ചോദ്യം: മസ്ജിദിലെ ജമാഅത്തിനായ് കാത്തു നിന്നാൽ സ്കൂൾ ബസ് പൊയ്‌കളയും എന്നതിനാൽ എൻ്റെ 12 വയസുള്ള സഹോദരൻ സുബ്‌ഹിൻ്റെ ബാങ്ക് വിളിച്ചാൽ ഉടനെ അവൻ്റെ ഉമ്മയോടൊത്തു നമസ്കരിക്കും. ഇത് അനുവദനീയം തന്നെയോ?

ഷെയ്ഖ് അബു ഹംസ ഹസൻ ബാശുഐബ്‌: അവൻ (ഈ പ്രായത്തിൽ) നിയമപരമായി ചുമതലപ്പെട്ടവൻ (مكلف) ആയിട്ടില്ല. എങ്കിലും അവൻ്റെ വീട്ടുകാർ അവനെ മസ്ജിദിലെ ജമാഅത്ത് ശീലിപ്പിക്കുകയാണ് വേണ്ടത്.

ഷെയ്ഖ് അബു അബ്ദില്ലാഹ് മുഹമ്മദ് ബാജമാൽ: സ്‌കൂളിന് വേണ്ടി മസ്ജിദിലെ ജമാഅത്ത് ഒഴിവാക്കുകയെന്നത് വളരെ പരിതാപകരമായ ഒന്നാണ്!

2) ചോദ്യം: ജമാഅത്ത് നമസ്കാരത്തിൽ നിന്നും (യഥാർത്ഥ കാരണങ്ങളാൽ) ഒഴിവ് ഉള്ള ഒരാൾ ഇഷാഅ നമസ്കാരം രാത്രിയുടെ പകുതിയിലേക്ക് വൈകിക്കുന്നത് അനുവദനീയമോ? അതോ ഇത് ഒരു ജമാഅത്തിന് മാത്രമാണോ പാടുള്ളത്?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അവനത് ചെയ്യാവുന്നതാണ്. എന്നാൽ പാതിരാത്രിയോടെ അതിൻ്റെ സമയം അവസാനിക്കുമെന്നതിനാൽ രാത്രിയുടെ ആദ്യ 1/3 -ഇൽ വരെയെ വൈകിക്കാൻ പാടുകയുള്ളൂ.

3) ചോദ്യം: ഞങ്ങളുടെ നാട്ടുകാരനായ ഒരാൾ ഇന്ന് മക്കയിൽ മരണപ്പെട്ടു. അവിടെ വെച്ച് തന്നെ ജനാസ നമസ്‍കരിക്കുകയും മയ്യിത്ത് അവിടെ ഖബർ അടക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നാട്ടിലുള്ള ബന്ധുക്കളാകട്ടെ നാട്ടിലും ജനാസ നമസ്കരിക്കുവാൻ ഒരുങ്ങുകയാണ്, എന്താണ് ഇതിൻ്റെ വിധി? ഇതിൽ പങ്കെടുക്കാമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: മക്കയിൽ ജനാസ നമസ്കരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ‘ഗായിബ്’ ആയി വീണ്ടുമൊരു നമസ്‍കാരം വിധിക്കപ്പെട്ടിട്ടില്ല എന്നതാണ് പണ്ഡിതരുടെ അഭിപ്രായങ്ങളിൽ ശരിയായുള്ളത്.

ഷെയ്ഖ് അബു മു’ആദ് ഹുസയ്ൻ അൽ-ഹത്വീബി: ഇത് ബിദ്അത്താണ്, എന്തെന്നാൽ അദ്ദേഹത്തിന് മേൽ ഒരിക്കൽ നമസ്കരിച്ചു കഴിഞ്ഞതാണ്.

4) ചോദ്യം: ഖുർആൻ മനഃപാഠമാക്കുന്നതിനായി ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യുമ്പോൾ സജ്‌ദയുടെ ആയത്തുകൾ എത്തിയാൽ സ്വീകരിക്കേണ്ട നേരായ മാർഗം എന്ത്? ഓരോ തവണയും സുജൂദ് ചെയ്യേണ്ടതുണ്ടോ?

ഷെയ്ഖ് അബു അബ്ദിർറഹ്മാൻ ഫത്ഹ് അൽ-ഖദസി: ആരംഭത്തിലോ അല്ലെങ്കിൽ അവസാനത്തിലോ ഒറ്റ തവണ സുജൂദ് ചെയ്‌താൽ മതിയാകുന്നതാണ്, ഇൻ ഷാ’അ അല്ലാഹ്‌.

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: വേണമെങ്കിൽ നിങ്ങൾക്ക് ആദ്യ തവണ സുജൂദ് ചെയ്യാം. അല്ലെങ്കിൽ ഓരോ തവണ ആവർത്തിക്കുമ്പോഴും സുജൂദ് ചെയ്യാം. അതുമല്ലെങ്കിൽ തീരെ ചെയ്യാതെയുമിരിക്കാം. ഇത് വിശാലമായ ഒരു വിഷയമാണ്.

5) ചോദ്യം: ഷെയ്ഖ്, ഒരാൾ എന്നോട് സക്കാത്ത് ഉണ്ടെങ്കിൽ കൊടുക്കാമോ എന്ന് ചോദിക്കുകയും ഞാൻ ശരിയെന്നും പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ സക്കാത്തിൻ്റെ നിസാബ് എത്തിയിരുന്നില്ല. ഇപ്പോൾ അതിൻ്റെ സമയം വന്നെത്തിയിട്ടുണ്ട്. എന്നാൽ മുൻപ് വന്നയാളെക്കാൾ എനിക്ക് അടുപ്പമുള്ള ഒരാളുണ്ട്. എൻ്റെ സക്കാത്ത് അയാൾക്ക് നൽകാമോ അതോ ഞാൻ ആദ്യം പറഞ്ഞയാളെ തിരയുകയാണോ വേണ്ടത്?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അത് നിൻ്റെ സക്കാത്താണ്. ആദ്യത്തെയാളെ കണ്ടെത്തി അയാൾ സകാത്തിനർഹനെങ്കിൽ അതയാൾക്കു നൽകുക, അല്ലെങ്കിൽ സമയം വൈകിക്കാതെ അത് മറ്റാർക്കെങ്കിലും നൽകുക.

ഷെയ്ഖ് ഹസൻ ബാശുഐബ്‌: നീ അവനു (ആദ്യത്തെയാൾ) വാക്കു നൽകിയിരുന്നെങ്കിൽ തീർച്ചയായും നിൻ്റെ വാഗ്ദാനം നിറവേറ്റണം.

6) ചോദ്യം: ‘അഖീഖ’-യുടെ അറവിന് ആട് അല്ലാതെ മറ്റ് കാലികളെ അറുക്കാമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: ആട് അല്ലാതെ നമുക്ക് അറിയുകയില്ല.

ഷെയ്ഖ് ഫത്ഹ് അൽ-ഖദസി: ചെയ്യാവുന്നതാണ്. എന്നാൽ ആട് ആണ് സുന്നത്.

7) ചോദ്യം: ഷെയ്ഖ്, ഞങ്ങളുടെ നാട്ടിൽ അഹ്ലുസ്സുന്നത്തിൻ്റെ പള്ളികൾ കുറവാണ്. ഞങ്ങൾ ജമാഅത്ത് നമസ്കാരങ്ങൾക്കും വെള്ളിയാഴ്ച ഖുത്ബയ്ക്കും പോയിക്കൊണ്ടിരിക്കുന്നത് ഹിസ്‌ബികളുടെ മേൽനോട്ടത്തിലുള്ള പള്ളികളിലാണ്. അത്തരം പള്ളികളിലേക്ക് നിത്യച്ചിലവിനും മറ്റുമായി ധനമോ സദഖയോ കൊടുക്കുന്നതിൻ്റെ വിധിയെന്ത്?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: ഹിസ്‌ബികൾ രക്ഷാധികാരികൾ അല്ല. നിങ്ങൾ അഹ്ലുസ്സുന്നത്തിൻ്റെതായ പള്ളി ഉണ്ടോയെന്ന് നോക്കുക, അതിനി ദൂരെ തന്നെയെങ്കിലും, അവിടെ സദഖ നൽകുന്നതാണ് ഉത്തമം.

8) ചോദ്യം: ഇവിടെ ഒരു യുവതിയുണ്ട്, അവളുടെ മാതാപിതാക്കളാകട്ടെ ഖബർ ആരാധകരാണ്. ചിലപ്പോഴെല്ലാം അവർ അവളെ അത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കാറുമുണ്ട്. അവൾക്ക് അവരുടെ അനുവാദം കൂടാതെ അവളുടെ വീട്ടിൽ നിന്നും ഓടിപോകുന്നത് അനുവദനീയമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അവളുടെ മേൽ വാജിബായിട്ടുള്ളത് അവരെ (അതിൽ) അനുസരിക്കാതിരിക്കലാണ്. ഇനി അവളെ നിർബന്ധിക്കുന്ന പക്ഷം അവർക്ക് വഴങ്ങാതിരിക്കുക.

ഷെയ്ഖ് ഫത്ഹ് അൽ-ഖദസി: അവൾ മാതാപിതാക്കളുടെയടുക്കൽ നിലകൊള്ളട്ടെ. എന്നാൽ ശിർക്കിൽ അവരെ അനുസരിക്കരുത്.

9) ചോദ്യം: ഞങ്ങളുടെ നാട്ടിൽ ഹിന്ദുക്കളും മറ്റ് മുശ്രിക്കുകളും അവരുടെ കാറുകളിൽ ചെറിയ ഭിംബങ്ങളോ അവരുടെ ദേവതകളുടെ വിഗ്രഹങ്ങളോ വെക്കൽ പതിവുണ്ട്. അത് പോലെ അവർ ആദ്യമായി വാഹനം ഉപയോഗിക്കുമ്പോൾ അവരുടെ ചില ആരാധനാകർമ്മങ്ങളും ചെയ്യാറുണ്ട്. ഒരു പക്ഷെ അവന് ആ വിഗ്രഹങ്ങൾ അതിനു ശേഷം നശിപ്പിക്കുവാൻ സാധിക്കുമെങ്കിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ഒരു മുസ്ലിം വാങ്ങുന്നത് അനുവദനീയമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അവ (ആ വിഗ്രഹങ്ങൾ) ഒഴിവാക്കാവുന്നതെങ്കിൽ അതിൽ പ്രശ്നമില്ല.

10) ചോദ്യം: ഇവിടെ കാഫിർ ഭരണകൂടം മുസ്ലിമീങ്ങൾക്കെതിരിൽ തന്ത്രങ്ങൾ മെനയുകയും ചിലരെ തീവ്രവാദികൾ എന്നാരോപിച്ചു അന്യായമായി ജയിലിലടക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അനീതിക്ക് പാത്രമാകുന്നവരിൽ സലഫികളും അല്ലാത്തവരുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തൻ്റെ സഹോദരനെ സഹായിക്കുവാനായി ഒരു സലഫിയുടെ സമീപനം എന്തായിരിക്കണം? ഇനി അനീതിക്ക് പാത്രമായവൻ ബിദ്അത്ത്-കാരൻ ആണെങ്കിലും അവനെ സഹായിക്കാമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: ഒരുവനെതിരിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും എന്നാൽ അവൻ അങ്ങനെയല്ല എന്നുമുണ്ടെങ്കിൽ സത്യം ഏറ്റു പറയലാണ് അഭികാമ്യം.

11) ചോദ്യം: ഇന്ത്യയിൽ നിന്നൊരു സഹോദരൻ ചോദിക്കുന്നു. അവൻ ഒരു കോളേജിൽ പഠിക്കുകയായിരുന്നു, എന്നാൽ ഇഖ്തിലാത്ത്-ൻ്റെ വിധി മനസ്സിലായപ്പോൾ അവൻ അവിടെ നിന്നും പുറത്തു വന്നു. വ ലില്ലാഹിൽ-ഹംദ്! ഇപ്പോൾ അവൻ മറ്റൊരു കോളേജ് കണ്ടെത്തിയിട്ടുണ്ട്. അവിടെ അവൻ നേരിട്ട് ക്ലാസുകളിൽ പോകേണ്ടതില്ല. പരീക്ഷ എഴുതാൻ മാത്രം നേരിട്ട് പോയാൽ മതിയെന്നാണ് നിബന്ധന. എന്നാൽ ഈ പരീക്ഷ സമയത്തു വീണ്ടും ഇഖ്തിലാത്ത് ഉണ്ടായേക്കാം. അങ്ങിനെയെങ്കിൽ അവനു ഈ കോളേജിൽ പഠിക്കുക അനുവദനീയമാണോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: ആ പരീക്ഷ സമയത്തു സ്ത്രീകളുമായി ഇടകലർന്ന അവസ്ഥയിൽ അവനു മരണം വന്നെത്തുകയില്ല എന്ന് അവനു ഉറപ്പുണ്ടോ? തീർച്ചയായും മരണം അപ്രതീക്ഷിതമായാണ് വന്നെത്തുക!

ഷെയ്ഖ് ഹസൻ ബാശുഐബ്‌: അനുവദനീയമല്ല.

12) ചോദ്യം: സ്വന്തമായി ഒരു ഷോപ് ഉള്ള ഒരു സഹോദരൻ ചോദിക്കുകയാണ്, ജുമുഅഃ നമസ്കാര സമയത്തും മറ്റും അവൻ്റെ അവിശ്വാസിയായ ജോലിക്കാരനെ കട ഏൽപ്പിച്ചു തുറന്നു പ്രവർത്തിക്കാമോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അനുവദനീയമല്ല.

13) ചോദ്യം: “റജബ് മാസത്തിലെ 27ന് നോമ്പെടുക്കുന്നവൻ്റെ പേരിൽ അവൻ 60 മാസം നോമ്പെടുത്തതായി അല്ലാഹു എഴുതുന്നതാണ്…” എന്ന അബു ഹുറയ്‌റ (رضي الله عنه) വിൻ്റെ ഉദ്ധരണിയുടെ വിധിയെന്താണ്?

ഷെയ്ഖ് അബു അംറ് അബ്ദുൽ കരീം അൽ-ഹജൂരി: അത് ദുർബലം ആണ്. അതിൻ്റെ സനദിലെ ശഹ്ർ ഇബ്നു ഹൌശബ് എന്നയാൾ ദുർബലനാണ്.

14) ചോദ്യം: ശഹ്ർ ഇബ്നു ഹൌശബ് എന്ന ‘റാവി’-യുടെ അവസ്ഥയെന്താണ്? ഇമാം മുസ്ലിം അദ്ദേഹത്തിൽ നിന്നും റിവായത് ചെയ്തിട്ടുണ്ടോ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അദ്ദേഹം ദുർബലനാണ്. അദ്ദേഹം റിവായത് ചെയ്ത ഹദീഥുകൾ മറ്റൊരു സനദിനെ ബലപ്പെടുത്തുവാൻ എന്ന നിലക്കല്ലാതെ (സ്വയം പര്യാപ്തമായ) അവലംബിതമായ ഹദീഥുകൾ എന്ന നിലയിൽ ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടില്ല.

15) ചോദ്യം: “റിയാദുൽ സ്വാലിഹീൻ” എന്ന ഗ്രന്ഥത്തിൻ്റെ നല്ല വിശദീകരണങ്ങൾ ഏതാണ്? ഇമാം മുഹമ്മദ് ഇബ്നു അല്ലാൻ അൽ-ഷാഫിഈ (رحمه الله)യുടെ ‘ദലീലുൽ ഫാലിഹീൻ’ എന്താണ് അവസ്ഥ?

ഷെയ്ഖ് മുഹമ്മദ് ബാജമാൽ: അതിൽ (ദലീലുൽ ഫാലിഹീൻ) അഷ്’അരി മദ്ഹബ് പ്രകാരമുള്ള ചില ദുർവ്യാഖ്യാനങ്ങളുണ്ട്. ഷെയ്ഖ് ഉതയ്മീൻ (رحمه الله)-യുടെ വിശദീകരണം (നല്ലതാണ്). ഷെയ്ഖ് സലീം അൽ-ഹിലാലി(حفظه الله)യുടെ വിശദീകരണം സംക്ഷിപ്തമാണ്‌.

 

Advertisements

ഭാര്യാഭർത്താക്കന്മാർക്കിടയിൽ കളവ് പറയൽ അനുവദനീയമോ?

Standard

cottage

ചോദ്യം: ഭാര്യയുടെ അടുക്കൽ കളവ് പറയുന്നത് അനുവദനീയമാണോ? പിന്നെ ഭാര്യയുടെ അടുക്കൽ പറയാൻ അനുവദനീയമായ കളവ് ഏതാണ്?

ഉത്തരം: ഭാര്യയോട് കളവ് പറയുന്നതിനെ തൊട്ട് വന്നിട്ടുള്ള ഹദീഥ് “മു’അൽ” (ന്യുനതയുള്ളത്) ആണ്. അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇനി സ്ഥിരീകരിക്കപ്പെട്ടതാണെന്നു വന്നാലും, അതിൽ ഉദ്ദേശിക്കപ്പെടുന്നത് കളവല്ലെന്നും എന്നാൽ അർദ്ധസത്യമോ, ദ്വയാർത്ഥപ്രയോഗമോ (المعراض) ആണെന്നും ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ (رحمه الله) വിശദീകരിച്ചിട്ടുണ്ട്. അതായത് സാധാരണ നിലയിൽ അറിയപ്പെടുന്ന കളവല്ല ഇവിടെ ഉദ്ധേശമെന്നും എന്നാൽ അർദ്ധസത്യമാണ് ഉദ്ധേശമെന്നും ശൈഖുൽ ഇസ്ലാം ‘മജ്‌മൂഅ ഫതാവ’യിൽ വിശദീകരിച്ചിട്ടുണ്ട്.

ഒന്നാമതായി, സഹീഹ് മുസ്ലിമിൽ ഉമ്മ് കുൽസൂം (رضي الله عنها) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീഥിൽ നബി (صلى الله عليه و سلم) പറഞ്ഞു: “കളവ്‌ പറയുന്നവനല്ല ജനങ്ങൾക്കിടയിൽ പ്രശ്ന പരിഹാരത്തിനായി നന്മയുണർത്തുന്നവൻ.”

അതായത് അവൻ അവർക്കിടയിൽ ഈ നന്മയുണർത്തുന്നു. ഇനിയൊരുവൻ എന്തെങ്കിലും നിലക്കൊരു നന്മ രണ്ടാമനെ തൊട്ട് പറഞ്ഞാൽ അത് മുതലെടുത്തു ഇന്നയാൾ നിന്നെക്കുറിച്ചു നല്ലത് പറഞ്ഞിരിക്കുന്നു എന്ന് നീ പറയുന്നു. അല്ലെങ്കിൽ നിന്നെ തൊട്ട് നന്മ പറഞ്ഞിരിക്കുന്നു എന്നോ നിനക്ക് വേണ്ടി ദുഅ ചെയ്തിരിക്കുന്നുവെന്നോ നീ പറയുന്നു. എന്നാൽ നീ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് അവൻ പൊതുവിൽ മുസ്ലിമീങ്ങൾക്കായി അല്ലാഹുവിന്റെയടുക്കൽ മഗ്ഫിറത് തേടിയതാണ്. കാരണം അവന്റെ ആ പ്രാർത്ഥനയിൽ അവനുമായി വഴക്കിട്ട അവന്റെ ഈ സഹോദരനും ഉൾപ്പെടുന്നുണ്ട്. അല്ലെങ്കിൽ നീ ഉദ്ദേശിക്കുന്നത് അവൻ നമസ്കാരത്തിലെ തഷഹ്ഹുദിൽ അല്ലാഹുവിന്റെ സ്വാലിഹീങ്ങളായ അടിമകൾക്ക്‌ വേണ്ടി പൊതുവായി ചെയ്ത ദുഅ ആയിരിക്കാം. ഇത്‌ ‘മിഅറാദി’ന്റെ നല്ലയിനങ്ങളിൽ പെട്ടതാണ്. അതല്ലെങ്കിൽ ഖത്തീബ് വിശ്വാസികളുടെയെല്ലാം മഗ്ഫിറത്തിനായും മുസ്ലിമീങ്ങളുടെ അവസ്ഥകൾ നേരെയാക്കുവാനായും പ്രാർത്ഥിച്ചതിനു അമീൻ പറഞ്ഞതായിരിക്കാം, അമീൻ പറയൽ ദുആയിൽ പെട്ടതാണ്. അങ്ങിനെ ‘മിഅറാദി’നായ് പ്രയോജനപ്പെടുത്താവുന്ന ഇത്തരം കാര്യങ്ങൾ ഏറെയാണ്. ഇതാണ് ശൈഖുൽ ഇസ്ലാം വിശദീകരിച്ചിട്ടുള്ളത്.

ഇനി ഇതിൽ അധികരിക്കപ്പെട്ടതായി വന്നിട്ടുള്ള, “മൂന്ന് കാര്യങ്ങളിലൊഴികെ എന്തിലെങ്കിലും ഉപേക്ഷ നൽകിയിരുന്നതായി ഞാൻ കേട്ടിട്ടില്ല, അത് യുദ്ധത്തിലും, ജനങ്ങൾക്കിടയിലെ ഒത്തുതീർപ്പിലും, ഭർത്താവിന്റെ ഭാര്യയോടും ഭാര്യയുടെ ഭർത്താവിനോടുമുള്ള സംസാരത്തിലുമാണ്” എന്ന വാചകം ഇബ്നു ശിഹാബ് അൽ-സുഹ്‌രിയിൽ നിന്നുമുള്ള ‘മുദ്രജ്’ (നബിയുടെ വാക്കുകളല്ലാതെ ഹദീഥിന്റെ വിശദീകരണമോ മറ്റോ ആയി റാവി-മാരുടേതായ കൂട്ടിച്ചേർക്കൽ) ആണ്.

ഇനി ഈ ചേർക്കപ്പെട്ട വാചകം എടുക്കുകയാണെങ്കിൽ തന്നെയും നിന്റെ ഭാര്യക്ക് നിന്നോട് കളവ് പറയുവാൻ അനുവദിച്ചു കൊടുക്കുകയും പിന്നെ അവരും നീയും കളവുകൾ പറയുന്ന അവസ്ഥയുമായാൽ ജീവിതത്തിൽ സ്വസ്ഥതയോ വിശ്വാസ്യതയോ ഉണ്ടാകുകയില്ല. അതിനാൽ ഈയൊരു കൂട്ടിച്ചേർക്കലിൽ യഥാർത്ഥത്തിൽ ഒരു ദുർബലതയുണ്ട്. എന്നിരിക്കെത്തന്നെ ഇത് ഹസൻ ആണ് എന്ന് പറയുന്നവരുടെ അഭിപ്രായപ്രകാരവും ഇതിന്റെ അടിസ്ഥാനം ശൈഖുൽ ഇസ്ലാം വിശദീകരിച്ചത് പോലെ അർദ്ധസത്യമോ, ദ്വയാർത്ഥപ്രയോഗമോ ആണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. അതിനാൽ കബളിപ്പോ, ചതിയോ, വിശ്വാസ വഞ്ചനയോ അടങ്ങാത്ത ശർ’ഇൽ വന്ന പ്രകാരമുള്ള ‘മിഅറാദ്’ ആണ് ഉദ്ദേശം. അല്ലാഹുൽ മുസ്തആൻ!

ശൈഖ് മുഹമ്മദ് ഇബ്‌നു ഹിസാം (حفظه الله)-യുടെ ഫത്വകളിൽ നിന്നും